Thursday, December 18, 2014

കുറ്റവാളി

വേതനകളെ ചെകുത്താനാക്കുന്ന
സുഖങ്ങളുടെ
ചെറു കണികകള്‍ നിറഞ്ഞ
നിമിഷങ്ങള്‍
ഒന്നിന് പുറകെ ഒന്നായ്...!
എന്നും
കുറ്റവാളി
തെറ്റുകള്‍ ഒന്നും
ചെയ്യാതിരിക്കുന്ന
ഏതോ ഒരു ചെകുത്താന്‍...!

കലാസുരന്‍

കടല്‍, മണല്‍, കവിത..!

കാലങ്ങളായ്
തിരകളില്‍
സ്വയം കടത്തി
രൂപാന്തരം കൊണ്ട ശേഷം
വീണ്ടും
മറ്റൊരു രൂപത്ത്തിനായ്
തിരകളെ പ്രേമിക്കുന്ന
കടല്‍ തീരത്തെ
മണല്‍ പോലെ
കവിത ....!

കലാസുരന്‍

രണ്ടു ചുംബനങ്ങളുടെ കാത്തിരിപ്പ്...!

അവളുടെ മുന്നിലിരിക്കുന്ന
കണ്ണാടി പാത്രം
തന്റെ ഉള്ളിലിരിക്കുന്ന
ശീതള പാനിയം കുടിക്കുവാന്‍
അവള്‍ തെന്നെ ചുംബിക്കും
എന്ന പ്രതീക്ഷയില്‍
അക്ഷമനായി വിയര്‍ത്തു കാത്തിരിക്കുന്നു...
പാത്രത്തിന്റെ പാതത്തില്‍ നിന്നും
ആ വിയര്‍പ്പു തുള്ളികള്‍ ഒന്നുകൂടി
ഒരു നദിയായി ഒഴുകി
മേശയുടെ അഗ്രത്തില്‍ നിന്നും
ഒന്നിന് പുറകെ ഒന്നായി
അഗാതങ്ങളിലേക്ക് കുതിച്ച്
കാത്തിരുപ്പുകളെ ഓര്‍മ്മിപ്പിക്കാനെന്നോണം
അവളുടെ പാതങ്ങളില്‍ വിഴുന്നു
കുളിര്‍ ചിതറിക്കുന്നു...
അതിനായുള്ള ഓരോ ഉണര്‍വും
ഇന്ദ്രിയ ബോധങ്ങളെ പിളര്‍ന്നു
അവളുടെ മനസ്സില്‍
വിഴുന്നു തകരുന്നു...
കാലം കാത്തിരിപ്പുകളെ
മൌനമായ് വിഴുങ്ങവേ
ആ കണ്ണാടി പാത്രത്തിനു
ഇണ എന്നോണം
അവളുടെ കണ്ണുകളും
വിയര്‍പ്പു ചിന്തിയപാടെ
കാത്തിരിക്കുന്നു ....!

കലാസുരന്‍

അത് ശ്രദ്ധിക്കപ്പെടും....!

അവര്‍ പരിഗണിക്കുന്നതേയില്ല
ഞാനാകുന്ന എന്നെ
അത് ചിലപ്പോള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്
ഞാന്‍ അല്ലാത്ത സമയങ്ങളില്‍...

അതിനു കാരണവും
ഞാന്‍ തന്നെയാണെന്ന്
പറയപ്പെടുകയില്‍
ചില അപൂര്‍ണമായ കുശലാന്വേഷണങ്ങള്‍ക്ക്
ഒരു കാരണവുമില്ലാതെ
പെട്ടന്നൊരു ദിവസം ഭ്രാന്തു പിടിക്കുന്നു ....

അത് ചിലപ്പോള്‍
വീണ്ടും ശ്രദ്ധിക്കപ്പെടും
ഒരു ഭ്രാന്തന്റെ മേലുള്ള
അവരുടെ സഹതാപമായ് .....!

കലാസുരന്‍...

പുതുവത്സര ശിശുക്കള്‍....

 *
മാനസം കുളിരെ ഒരു പുതുവത്സരം
കൊഴിഞ്ഞു വീണ മറ്റൊന്നിനെ പുല്‍കി നില്‍ക്കുന്നുവോ
കാവ്യ ശബളമാമെന്‍ സ്നേഹമേ ...?

കൊഴിയുവാനായ് പുഷ്പിക്കട്ടെ
ഇനിയും നിറയെ നിറയെ..
നമ്മുടെ പാതകള്‍ നീളുവോളം

സംവത്സരങ്ങള്‍ താണ്ടട്ടെ തോഴി
അക്ഷര ശാഖകളില്‍
തോട്ടില്‍ കെട്ടി ആടാം നമുക്ക്

നിദ്രയിലും ചിരിക്കുന്ന
പുതുവത്സര ശിശുക്കളായ്
വീണ്ടും വീണ്ടും...
*
കലാസുരന്‍

കഥപോലെ ...!

തറവാടിന്റെ കിഴക്കായ്
ആ രണ്ടു മരങ്ങളും
വേദനിക്കുന്ന കാലുകളുമായ്
നിന്നുകൊണ്ടിരുന്നു....

അരയാല്‍ മരച്ചുവട്ടിലെ
പൂജാരിയോഴിച്ച് അവിടങ്ങളില്‍
ആരും പോകാറില്ല

അടുത്ത് നിന്നിരുന്ന
താന്നി മരച്ചുവട്ടിലും
ഒരു ദീപം എരിയുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട് ...

അരയാല്‍ ദൈവവും
താന്നി മരത്തിലെ ചാത്തനും
ഞങ്ങള്‍ക്ക് വിസ്മയമുള്ള സംഭവങ്ങളായിരുന്നു

ആ മരങ്ങളെ നോക്കി
തുപ്പുകയോ, ചൂണ്ടുകയോ പോലും
ചെയ്യരിതെന്നു ഞങ്ങള്‍ക്ക് നിര്‍ദേശം ഉണ്ടായിരുന്നു

അങ്ങനെ എന്തെങ്കിലും
സംഭവിച്ചാല്‍ ഒന്നുകില്‍
ദൈവം ശിക്ഷിക്കും

അല്ലങ്കില്‍ ചാത്തന്‍ ശിക്ഷിക്കും
അതുമല്ലങ്കില്‍ രണ്ടുപേരും
ചേര്‍ന്ന് ....

ഈ വക ശിക്ഷകളൊന്നും
അവിടം കാഷ്ടിച്ചു നാശമാക്കുന്ന
കാക്ക, മൈന, പട്ടി, പൂച്ച
ഇവക്കൊന്നും ബാധകമാല്ലായിരുന്നു...

ദൈവത്തിനും ചാത്തനുമുള്ള ദൂരം
ഏഴടി രണ്ടു ചാണ്‍ ആണെന്ന്
ഞങ്ങള്‍ അളന്നു നിശ്ചയപ്പെടുത്തിയിരുന്നു

അന്ന് വൈകുന്നേരവും
പതിവുപോലെ അടുത്തുള്ള മൈതാനത്തില്‍
കൊച്ചുവര്‍ത്തമാനങ്ങളുമായ്
ഞങ്ങള്‍ ഒത്തുകൂടി ...

അവിടെ കളിച്ചുകൊണ്ടിരുന്ന
ഒരു ചെറുക്കന്‍ വെളിച്ചുപറഞ്ഞു
അരയാല്‍ ദൈവം ദാരിദ്ര്യ രേഖ രേഖയ്ക്ക്
താഴെയാണെന്ന്

എന്തെന്ന് ചോദിച്ചവനോട് അവന്‍ പറഞ്ഞു
ദൈവത്തിനു മാറ്റുവാന്‍ തുണിയില്ലന്നും
ഉള്ളത് ഒരു വളരെ ചെറിയ ചുവപ്പ് തുണിയാണെന്നും

അത് പൂജാരിയുടെ കാതുകളിലും
പ്രതിധ്വനിച്ചു

അടുത്ത ഉത്സവത്തിനു തന്നെ
അരയാല്‍ ദൈവത്തിനു കിട്ടി
ശാഖകളും വേരുകളും മാത്രം വെളിയില്‍ കാണുന്ന തരത്തില്‍
വലിയ ചുവപ്പ് ഉടുപ്പ് ....

ഉത്സവം കഴിഞ്ഞ്‌ സന്തോഷമായ്
മടങ്ങുന്ന ആ ചെറുക്കന്‍ കണ്ട
കാഴ്ച അവനെ സ്തംഭിപ്പിച്ചു...!

അവിടെ
താന്നി മരത്തിലെ ചാത്തന്‍
നഗ്നനായ് നിന്നുകൊണ്ടിരുന്നു....


കലാസുരന്‍

Saturday, October 9, 2010

മനോഹരിയായ മരണം...!

എന്നും
അവശേഷിക്കാറുണ്ട്
അന്യര്‍ക്കായ് കരുതിവച്ച
ചില വാക്കുകള്‍

അവകളെ
സ്വയം ഉച്ചരിക്കുന്ന
നിമിഷങ്ങളുടെ കഠിനത
സ്മിതങ്ങളെ അശേഷം
ഒപ്പിയെടുക്കുന്നു

അനന്തമായ
ആകാശ വീഥിയില്‍
പിളര്‍ന്നുകിടക്കുന്ന
നിലാവിന്റെ നിറുകയില്‍
മേഖ ഭസ്മം പൂശി

തീര്‍ഥാടനം തുടരുന്ന
മാരുതന്റെ ചേതന
വക്രമായ കടല്‍ തിരകളില്‍
മരണത്തെ തഴുകി
ചിതറുന്നു

ആരോടും പറയാതെ
പരമ്പരകളുടെ നിഴലുകള്‍
നീണ്ടുകൊണ്ടിരിക്കെ
ഏകാകിയായ്‌ ആ രാത്രി
മൌനത്തിന്‍ ചുമ്പനം
ആസ്വദിച്ചു കൊണ്ടിരിക്കയാവാം ...

മഷിയുടെ കണ്ണുനീര്‍
കടലാസുകളെ
പുല്‍കി ആശ്വസിപ്പിച്ചുകൊണ്ടിരിക്കെ
ആ വാക്കുകള്‍ പോലും
അറിയാതെ
ഞാന്‍
കവിതകള്‍
എഴുതിക്കൊണ്ടിരുന്നു

അരുകില്‍
മനോഹരിയായ മരണം
അണിഞ്ഞൊരുങ്ങി
നിന്നിരുന്നു....


കലാസുരന്‍